Friday, December 23, 2011

പുല്ക്കൂടു്

പകിട്ടാര്‍ന്ന , മുഖകണ്ണാടി
പോലെയെല്ലാവിധ
പ്രതി ബിംബങ്ങളെയും
സൂക്ഷ്മമായി വരച്ചു കാട്ടും
ഇറ്റാലിയന്‍ മാര്‍ബിള്‍
പാകിയ, മനോഭിരാമമായ
ഡ്രായിംഗ്  റൂമിലെ
മിന്നിത്തിളങ്ങുന്ന തറയില്‍
വൈക്കോലും, ഉണക്കപുല്ലും
ഇടയ്ക്കിടെ ഉതിര്‍ന്നു വീഴുന്നു,
അവള്‍ പതിവു പോലെ
പൂല്‍ക്കൂടൊരുക്കൂകയാണു് .

പുത്തനിരു നിലമാളികയുടെ
വെണ്ണക്കല്‍ തറയില്‍
വീണു ചിതറി കിടക്കുന്ന
വൃത്തി കേടുകളായതൊക്കെ
 മമ്മിയുടെ ,
കോണ്‍ടാക്ട്  ലെന്‍സുള്ള
 ആധുനിക കണ്ണുകള്‍ക്ക്

ശകാര വര്‍ഷങ്ങളുടെ
ആഞ്ജകളേറ്റു വാങ്ങി
കാര്‍ പോര്‍ച്ചിനരികില്‍
അവള്‍ വീണ്ടും , പുല്ക്കൂടു്
കെട്ടിത്തുടങ്ങുമ്പോള്‍
കൂറ്റന്‍ ഗേറ്റിനു വെളിയില്‍
കരാള്‍ സംഘത്തിന്റെ
പാട്ടു മുഴങ്ങിത്തുടങ്ങി
മേരി ഹാഡ് ഏ
ബോയ് ചൈല്‍ഡ് ,
ബോണ്‍ ഓണ്‍
ക്രിസ്മസ് ഡേ...............

എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍



Saturday, December 3, 2011

ഉദയത്തിനു മുമ്പു്



നാളത്തെ ഉദയത്തിനു
മുമ്പു തന്നെ
ഭൂമിപ്പിളര്‍ന്നു ഞങ്ങള്‍
താഴ്ന്നു പോകുമോ ?
പൊട്ടിത്തകരും
അണക്കെട്ടിലെ
ആര്‍ത്തലക്കും
ജലപ്രവാഹത്തില്‍
ഞങ്ങള്‍ കാലത്തിനെ
കടന്നൊലിച്ചു പോകുമോ ?

സര്‍വ്വം നിശ്ശബ്ദം
സഹിക്കുകയായിരുന്ന
പ്രകൃതി പറയുകയല്ലേ
എല്ലാം,എല്ലാമെന്നും
മനുഷ്യാ! മതി മറന്നു
നീ, വരുത്തി വെച്ചതല്ലേ .
-----------------------

എവിടെയാ​ണു ഞാന്‍ 

എവിടെയാണു ഞാന്‍
എന്നു തിരഞ്ഞതെത്ര
സംവത്സരങ്ങളായി
ഒടുവിലറിയുമല്ലോ
എവിടെയെന്നാറടി
മണ്ണില്‍ മറയുമ്പോള്‍ .



















Wednesday, November 30, 2011

പേരില്ലാ പക്ഷി

പേരില്ലാ പക്ഷി

നീതിയുടെ തുലാസിലെ
തട്ടില്‍ നില്ക്കും
ഒരു പക്ഷിയുടെ മാനം
നിറകണ്ണുകളോടെ
വിറ പൂണ്ട കൈകള്‍
കൂപ്പി , യാചിക്കുന്നു
ഭീതിയുടെ നിഴലു
വിരിക്കും കപോത
മിഴികളിലന്ധകാരം ?

തളര്‍ന്നൊതുങ്ങിയ
ചിറകുകള്‍ താഴ്ത്തി
ഒരുപക്ഷിയാരുടെ
മനസ്സിന്‍ ചില്ലയില്‍
നിണം വാര്‍ത്തിരിക്കുന്നു ?

Monday, November 7, 2011

കൂര്‍ത്ത നഖങ്ങള്‍


അവള്‍ , സുരക്ഷക്കും
അനുയാത്രക്കും പിടിക്കാന്‍
കൊതിച്ച വിരലുകളില്‍
കഴുകന്റെ കൊക്കുകള്‍
പോലെ കൂര്‍ത്ത നഖങ്ങള്‍

അച്ഛനെ പോലെ കരുതിയ
ആളിനും കൂര്‍ത്ത നഖങ്ങള്‍
ചോര പുരണ്ട നാവില്‍
നിന്നും മകളെന്ന ശബ്ദത്തിന്റെ
പൊയ്മുഖമടര്‍ന്നു വീണു
ചെകുത്താനെപോലെ
ദൈവത്തെയും ഭേദ്യം ചെയ്യാന്‍
ഒരു പെണ്‍ കരത്തിനു പിന്നെ
ശിലയുടെ കരുത്തു ലഭിക്കുമോ ?

തണുത്തു വിറച്ചു നിലത്തു
കിടക്കുമവളുടെ
നെറ്റിത്തടത്തിലാരോ
കൂര്‍ത്ത നഖങ്ങളില്ലാത്ത
വിരലുകളാല്‍ തഴുകി
എന്നോ ഉപേക്ഷിച്ചു പോയ
സാന്ത്വനത്തിന്റെ
മൃദു ശബ്ദമുയരുന്നതു കേള്‍ക്കാം
തിരശ്ശീലയെന്നാല്‍ താഴുകയായി.




Monday, September 5, 2011

അച്ഛന്റെ ദു :ഖം

                               ഉറങ്ങികിടക്കുകയാണെന്‍ മകന്‍
                               നാളെപ്പുലര്‍കാലെയുണര്‍ന്നിടുവാന്‍
                               നിദ്രയില്‍ പോലുമോമല്‍ വദനത്തില്‍
                               സുസ്മേരസൂനങ്ങള്‍ വിടരുന്നു
                               എന്നിട്ടുമതു കണ്ടെന്നുടെ ചിത്തം
                               നൊന്തുനുറുങ്ങിയൊന്നുംപ്പറവാതെ
                               ആള്‍രൂപങ്ങളാം നിഴലുകളെത്തി
                               എന്തോച്ചൊല്ലുന്നതും നോക്കി ശിലപോല്‍
                               ഞാനിരിക്കുന്നുയെന്‍ വീടിനുമ്മറത്തില്‍ .

                               ചുവന്നയൊരു ശീലയാ വാതിലില്‍
                               ഞാത്തുന്നാരോ,മാകന്ദ ശിഖരങ്ങള്‍
                               വീഴും ശബ്ദമതുയര്‍ന്നു പറമ്പില്‍
                               വെല്ലിടുന്നതിനെയത്യുച്ചത്തിലു -
                               യരും പ്രാണേശ്വരി തന്നാര്‍ത്ത നാദം
                               വിട്ടുപിരിഞ്ഞുവോ പൊന്‍ മകനെ നീ
                               ക്ഷണമൊരു വാര്‍മഴവില്ലു പോലെ
                               കണ്ടു കണ്ടു കൊതി തീര്‍ന്നിടില്ലെന്നും
                               നീ പഠിച്ചു വളര്‍ന്നുമുയരത്തി -
                               ലെത്തും കാഴ്ചയെന്‍ ജീവത് സാഫല്യം.

                              ഹാ! ജലാശയമേയൊരു പലക -
                              പ്പുറമാവാത്തതെന്തെന്നുണ്ണി, നില
                              തെറ്റിയാഴമതില്‍പതിക്കും മുമ്പൊ -
                              രത്ഭുതമെന്‍ ഭൌതികത കൊതിച്ചു !
                              താഴ്ന്നു,താഴ്ന്നു പോകവെ മേലോട്ടുയര്‍ -
                              ന്നീടാനച്ഛന്റെ കൈത്താങ്ങു തേടി
                              പ്രാണ വായുവതിനു വിഘ്നമായി
                              നാസികയതിലടിയും വസ്തുക്കള്‍
                              നീക്കാനമ്മേയമ്മേയെന്നു കേണു നീ......

                               മൃത്യുവതറിഞ്ഞെത്തിയൊരെന്‍ കരം
                              ഗ്രഹിച്ചു മിണ്ടാതെ കഴിച്ചൊരെന്‍ത്തോ -
                              ഴന്‍ തന്‍ ചിത്തത്തിലെഴുത്തതെല്ലാമേ
                              വായിച്ചു തീര്‍ത്തു ഞാനും മൂകനായി.

                              വര്‍ഷങ്ങള്‍പിന്നിട്ടു കണ്ടുമുട്ടവേ
                              അപ്പൊഴുമായാത്മാവില്‍ ; ചിരിതൂകി
                              ഉറങ്ങുന്ന മകനെ കണ്ടു , ഞാനാ
                              കണ്‍കളിലൂടെ; തുടരുമാ മൌനം
                              പണ്ടു ഞാന്‍ വായിച്ചതൊക്കെയാ ,
                              ഹൃദയ ഭിത്തിയതില്‍‍ തെളിഞ്ഞൂ .
                                           
                                                                
                                     *   എന്റെ ഉറ്റ സുഹൃത്ത് ശശിയുടെ മകന്‍
                                     (കോഴിക്കോട് ആര്‍ .ഈ. സി ഒന്നാം സെമസ്റ്റര്‍
                                      വിദ്യാര്‍ത്ഥി) യദുകൃഷ്ണന്റെ അപമൃത്യുവിനെ ആസ്പ
                                      ദമാക്കി എഴുതിയത്.
                              മെയ് ലക്കം കുങ്കുമം മാസികയില്‍ പ്രസിദ്ധീകരിച്ചതു്

Saturday, September 3, 2011

സ്കൂള്‍ യൂണിഫോം

                                       വിലപിടിച്ച ഉടുപ്പുകളവളുടെ
                                       സ്വപ്നങ്ങള്‍ക്കെന്നേയന്യം
                                       സ്കൂള്‍യൂണിഫോമിന്‍ പഴക്കം
                                       അവളുടെ കണ്ണുകളെ
                                       ഈറനണിയിക്കുമ്പോള്‍
                                       അമ്മയുടെ വിഷാദ മിഴികളിലെ
                                       ദൈന്യത സാന്ത്വനമാകുന്നു.

                                       കരിങ്കല്ലുച്ചുമക്കുന്നയമ്മയുടെ
                                       ശിരസ്സില്‍ നിന്നെത്ര മുടിയിഴകള്‍
                                       പിണങ്ങിപ്പോയെന്നു കണക്കു കൂട്ടി
                                       വിളക്കു വെയ്ക്കും നേരത്തു
                                       പതിവു പോല്‍ അവളലക്കുന്നു
                                       ഏക യൂണിഫോമതു ;
                                       എത്ര വട്ടം ജലാഘാതമേറ്റും
                                       സൂര്യതാപത്തിലുരുകി പിടഞ്ഞും
                                       പച്ച വെള്ളയാക്കിടും
                                       ദശാസന്ധി ചൈതന്യം
                                       കവര്‍ന്നൊരാ സ്കൂള്‍ യൂണിഫോം

                                       തൊട്ടിയില്‍ നിന്നെടുത്തു
                                       യൂണിഫോമവള്‍ ഇറ്റിറ്റു വീഴൂ
                                       ജലബിന്ദുക്കളോ? ചുടു കണ്ണുനീരോ ?
                                       കാലപ്പഴക്കം ക്രൂരമയി തീര്‍ത്ത
                                       നീണ്ട കീറലതില്‍ തെളിഞ്ഞൂ
                                       കൊടും വേദനയോടെയവളുടെ
                                       കണ്ണുകള്‍ നിരര്‍ത്ഥകമതു നോക്കി
                                       പിന്നെയവള്‍ വീടിനുത്തരത്തില്‍
                                       സ്വയമൊരു ചോദ്യ ചിഹ്നമായി
                                       കാലത്തിനോടു മൌനമായി
                                       ഏതേതോ ഉത്തരം തേടി.

                                       പുത്തന്‍ പച്ച പാവാടയണിഞ്ഞു
                                       വെള്ള വിരിപ്പിലുറങ്ങുന്നു ; അവള്‍
                                       അമ്മയുടെയാര്‍ത്തനാദം
                                       സഹപാഠികളുടെ തേങ്ങലുകള്‍
                                       തിങ്ങി നിറയൂ പുരുഷാരം
                                       ആ , പൂമിഴികള്‍ തുറക്കാത്തതെന്തേ ?

                          സീയെല്ലെസ് പബ്ലിക്കേഷന്‍സിന്റെ മൌനജ്വാലകള്‍
                           എന്ന കവിതാ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ചതു്.

                                                   ലഘു മാറ്റങ്ങളോടെ വീണ്ടും പോസ്റ്റു ചെയ്യുന്നു



























Wednesday, August 24, 2011

മോതിര വിരല്‍

                                           ഒരു തുരുമ്പു പിടിച്ച സൂചി
                                           അവളുടെ മോതിര
                                           വിരലില്‍ കൊണ്ടു
                                           വിരലെന്റെ നേരെ നീട്ടി
                                           അവള്‍ മുറിവു കാട്ടുമ്പോള്‍
                                           ദിനമോ,  പന്ത്രണ്ടു മണിക്കൂര്‍
                                           സഞ്ചാരം പൂര്‍ത്തിയാക്കി
                                        
                                           എന്റെ സാന്ത്വനം അവളുടെ
                                           ചുവന്നു  വീര്‍ത്ത വിരലില്‍
                                           തൊട്ടു   നെടുവീര്‍പ്പായി
                                           ഇനിയും പന്ത്രണ്ടു മണിക്കൂര്‍
                                           വിഷാണുവിനെ കഴുത്തു
                                           ഞെരിച്ചു  കൊല്ലുന്ന
                                           സൂചി കുത്തലിനു് .

                                           ആശ്വാസനിശ്വാസത്തോടെ
                                           അവളുടെ മോതിര വിരലിനെ
                                           എന്റെ കണ്ണുകള്‍ തലോടി
                                           സ്വര്‍ണ്ണച്ചുറ്റായിയൊരു
                                           മോതിരം വിരലില്‍ തിളങ്ങൂ
                                           ചരിഞ്ഞയക്ഷരത്തില്‍
                                           പേരെഴുതിയ മോതിരം
                                           അതെന്റെ പേരല്ലായിരുന്നു
                                           ആകാശത്തു നിന്നും
                                           കാര്‍മേഘങ്ങളിറങ്ങി വന്നതു്
                                           അവളുടെ കണ്ണുകളിലേക്കും
                                           ഓര്‍മ്മകളിലേക്കുമായിരുന്നു .

                                           
                                          






Thursday, August 18, 2011

വലിയപേരിലെ ചെറിയ മാറ്റം


                                 വളഞ്ഞ വടിയും കുത്തി അദ്ദേഹം
                                എന്നരികിലെത്തിയപ്പോള്‍
                                മഹിഷത്തെ പോലെ
                                ഗാഢ നിദ്രയിലായിരുന്ന
                                ഞാനുണര്‍ന്നു, ചുറ്റുമുയരുകയാണു
                                സ്വാതന്ത്ര്യത്തിന്റെ സുഗന്ധം

                               കാതുകളിലാ മന്ത്രമധുര ശബ്ദം
                               സ്വര്‍ഗ്ഗ പക്ഷികളായി ചേക്കേറി
                               എന്റെ പേരിലൊരു ചെറു  മാറ്റം
                               വെറും,  മോഹന്‍ദാസ് കരംചന്ദ്
                               നോട്ടീസടിക്കുമ്പോള്‍
                               സദയം ഒന്നു ശ്രദ്ധിക്കുമല്ലോ

                              കൂട്ടിലടച്ച പക്ഷിയെപ്പോലെ
                              എന്റെ ചിന്തകള്‍ ചിറകിട്ടടിച്ചു
                              നാളെ, തന്നെയൂതി കെടുത്താന്‍
                              സൂര്യന്‍ ആവശ്യപ്പെടുമോ?
                              അകന്നകന്നു പോകുന്നു
                              മുളവടി തറയില്‍ മുട്ടുന്ന ശബ്ദം
                              രാത്രിയുടെ ചുണ്ടുകള്‍ മന്ത്രിക്കുന്നു
                              ഈശ്വയള്ളാ തേരൊ നാം.....


Sunday, August 14, 2011

അരൂപികള്‍

                                                  അരൂപികൾ
                              കുറ്റാകുരിരുട്ടിന്റെ സംഗീതമുയരുന്നു
                              ചീവിടുകളുടെനാമജപങ്ങളായി
                              കരിയിലകളില്‍ ഞെരിഞ്ഞമരുന്നു
                              കാലടികളുടെ സ്പര്‍ശ മര്‍മ്മരങ്ങള്‍
                              ഇരുട്ടിന്റെ കട്ടികരിമ്പടം പുതച്ചു
                              കൂനിക്കൂടി നില്ക്കുന്നുയെന്റെ  വീടു്
                              അച്ഛനിന്നും , കാത്തിരിക്കുന്ന വീടു്
                              പാദങ്ങളമര്‍ത്തി വീണ്ടും , ഞാൻ
                              കാലം കണ്ണീര്‍  തൂകും കല്പടവുകളില്‍
                              പണ്ടു  പടിയിറങ്ങിപ്പോയോരെൻ
                              പാദമുദ്രകള്‍ , കാത്തു കിടപ്പവിടെ
                              ചരിത്രത്തിന്റെ , കറുത്ത ചിത്രമായി.

                              പകല്‍കിനാവുകൾ ഇഞ്ചിനീയറിന്‍ 
                              വര്‍ണ്ണ ചിത്രം *അച്ഛനായി വരയ്ക്കും 
                              പകലില്‍ യാത്രച്ചൊല്ലി വണങ്ങി
                              പടവുകളിറങ്ങിയതാണന്നു ഞാന്‍
                              ആയിരം കറുത്ത കൈകളെന്നെ
                              കിനാവള്ളി പോലെ വരിഞ്ഞതും
                              നീറി,നീറി ഞാന്‍ പിടഞ്ഞതും
                              എല്ലുകളുടഞ്ഞു തകര്‍ന്നു, മജ്ജ
                              മാംസങ്ങള്‍ ചതഞ്ഞരഞ്ഞതും
                              ബോധനഷ്ടത്തിൽ കൊടും വേദന-
                              യിലച്ഛനെ വിളിച്ചു ഞാൻ കേണതും
                              ഇന്നൊരു യക്ഷിക്കഥ പോലെ ....

                             കാത്തിരിക്കുന്നുയച്ഛനുമ്മറപ്പടിയില്‍
                             ക‍ടന്നു  പോയെത്ര സംവത്സരങ്ങള്‍

                             വിറയ്ക്കുന്ന കൈകളച്ഛൻ 
                             കണ്‍പുരികത്തിനു മേല്‍ച്ചേര്‍ത്തു 
                             സൂക്ഷ്മമായി ദൂരേക്കു വീക്ഷിക്കുന്നു
                             ഒരു ദീര്‍ഘനിശ്വാസം ഉതിർത്തു 
                             പിന്നെയാഹ്ലാദ ശബ്ദത്താലെൻ
                             പേരു വിളിച്ചുയുച്ചത്തിലോടി
                             യണഞ്ഞൊന്നാശ്ലേഷിക്കാൻ
                             നീട്ടിപ്പിടിച്ച കൈകളോടെ ,
                             ഹാ ! ഇല്ലയിനിയതിനാവതില്ല
                             ഞങ്ങളിരുവരുമിന്നരൂപികള്‍.





Sunday, August 7, 2011

ഒരു പകല്‍കിനാവു്


                                      ഈ ബ്ലോഗിലെ നോവല്‍ പോക്കുവെയില്‍ എന്ന എന്റെ
                            ബ്ലോഗില്‍ ആദ്യ അദ്ധ്യായം മുതല്‍ വായിയ്ക്കാം.

                       എന്‍ ദിവാസ്വപ്നത്തിനുദ്യാനത്തിലിന്നൊ -
                       രുജ്ജ്വല വര്‍ണ്ണപുഷ്പം വിടര്‍ന്നു നില്പൂ
                       കണ്ടിട്ടില്ല ഞാനിതുവരേക്കുമിത്ര-
                       യഴകു വിതറിടുന്നാ വര്‍ണ്ണരാജി
                       ഏഴല്ലതിന്‍ നിറങ്ങളെഴുന്നൂറുമ -
                       ല്ലെന്നുടെ ചിന്തകള്‍ കണക്കുകള്‍ കൂട്ടി
                       രമിച്ചും ലയിച്ചും മനസ്സും,മതിയും
                       മനോരമ്യം നോക്കി മിഴിയെടുക്കാതെ

                      വിട്ടകന്നുവപ്പോളെന്നുമനുയാത്ര
                     ചെയ്തിടും ദുഷ്ടദുരന്ത പൈശാചികള്‍
                     കദനരസം നിറച്ചൊരാ ജീവിത
                     പാനപാത്രം കമഴ്ത്തി വിധിയെന്നുത്സാ-
                     ഹ, സല്ലാപ നൃത്തച്ചുവടുകള്‍ക്കിടെ,
                     ആമോദമോ , ഹിതമോടെ പിടികൂടി
                     എന്‍ ദിവാസ്വപ്നത്തിന്‍ പൂങ്കാവനത്തിലാ
                     സുന്ദരപുഷ്പം സുസ്മിതം തൂകി നില്പൂ

                    വസന്തസമാഗമ സുഖദകാല -
                   മണഞ്ഞതാകാമിന്ദ്രിയങ്ങളില്‍ പ്രാണന്‍
                   താളമിട്ടു, കാമനകള്‍ ചിറകു വി-
                   തിര്‍ത്തു കെട്ടുപോയി സന്താപജ്വാലകള്‍
                   മുകമാമാകാശം മറച്ചൊരാ കാര്‍മേ -
                   ഘ നിരകളകന്നു തെളിവാര്‍ന്നു
                  നീലവാനം, വിരിയൂ മഴവില്ലുകള്‍
                  ഹര്‍ഷമോടെ വിരല്‍ത്തുമ്പാലൊരു മൃദു
                  സ്പര്‍ശത്തിനായി കൊതിച്ചെത്തിയരികെ
                  ഹാ! പകല്‍കിനാവതു പൊലിഞ്ഞു ;പൂവും
                  കൊഴിഞ്ഞൂ ഇല്ല ദളവും സൗരഭവും
                 കിനാവിങ്കല്‍ പോലും കനിവേകാത്തതെ-
                 ന്തേ,  നിയതി തന്നുടെ തത്വശാസ്ത്രമേ !








Wednesday, January 5, 2011

രിതേബന്‍ന്തലയിലെ മന്ത്രവാദിനി - ഭാഗം6

                                   
    ഗൂഢാര്‍ത്ഥങ്ങളുടെ അഭേദ്യമായ സമസ്യയായിരുന്നു മന്ത്രവാദിനിക്ക് അയാളുടെ ഊറിയൂറിയുള്ള
സ്മിതം. അസ്വസ്ഥതകളുടെ പരാഗ രേണുക്കളെ  തന്റെ അരികിലേക്കു ദുഷിച്ച ചിരിയിലൂടെ
ഈ തെരുവു മാന്ത്രികന്‍ വിനിമയം ചെയ്യുന്നു. മന്ത്ര വാദിനി സ്വസ്ഥത വീണ്ടെടുത്തു കൊണ്ടു
അയാളോടു ചോദിച്ചു.
                 "ചാറ്റിങ്ങിനു മുമ്പ് ഞാന്‍ എഴുതിയതൊക്കെ വായിക്കാമായിരുന്നില്ലേ" ?
                 വായിച്ചു ഭവതിയുടെ ആത്മപ്രകാശിത എഴുത്തുകളെല്ലാം. ആണിനെ
                 "പെണ്ണാക്കുന്ന വിരുതും പൂര്‍ണ്ണമായും അറിഞ്ഞു കഴിഞ്ഞു".
മന്ത്രവാദിനി തലയുയര്‍ത്തിപിടിച്ചു രൂക്ഷമായി അയാളെ നോക്കി. അയാള്‍ സംഭാഷണം തുടര്‍ന്നു.
                 1'ഡ്രുവപക്ഷി' പുറത്തിറക്കിയ ഭവതിയുടെ പ്രഥമ പുസ്തകം  എന്റെ കൈവശമുണ്ട്. ഇംഗ്ല
ണ്ടിലെ ഫിഫ്റ്റി ബര്‍ക്കിലി സ്ക്ക്വയറെന്ന ഹോന്റണ്ട്  ഹൌസ് സന്ദര്‍ശിക്കുമ്പോള്‍ ഒരു മെക്സിക്കന്‍
2 വൂഡൂ ആചാരക്കാരന്‍ അയാളുടെ ഉപഹാരമായി ഏല്പിച്ചതാണ്.
                   "നല്ല സ്ഥലവും നല്ല ആളും". അതയാള്‍ ആരോടെന്നില്ലാതെയാണ് പറഞ്ഞത്.
മന്ത്രവാദിനി പെട്ടെന്നു് എഴുന്നേറ്റു അകത്തേക്കു പോയി.തന്റെ ഉള്ളിലൊതുക്കി വെച്ച സ്നേഹം അണമുറിഞ്ഞൊഴുകുമോയെന്നു സ്റ്റെഫാനിയുടെ പണി പൂര്‍ത്തിയായി വരുന്ന വില്ലയില്‍ വെച്ച് ഭയപ്പെട്ടതിനെക്കുറിച്ചു് അയാളപ്പോള്‍ ഓര്‍ത്തു പോയി. പിന്നെ, നല്ല മനുഷ്യന്‍, നല്ല മനുഷ്യന്‍
എന്നവള്‍ തന്നെ പരിചയപ്പെടുത്തി കൊണ്ട് ബെല്‍ഗ്രാനോ യൂണിവേഴ്സിറ്റിയിലെ അപ്ലൈഡ്
ആര്‍ട്ട് ഹാളിലെ നിറഞ്ഞ സദസ്സിനു മുമ്പാകെ തന്നെക്കുറിച്ചു പറയുമ്പോള്‍ മറ്റാര്‍ക്കുംകേള്‍ക്കാ
നാകാതെ പോയ അവളുടെ തേങ്ങലുകള്‍ തന്നെ ആകെ ഉലച്ചതും .
                മന്ത്രവാദിനി തിരികെയെത്തി. കൈയ്യിലുണ്ടായിരുന്ന ട്രേ അവര്‍ റ്റീപ്പോയുടെ മുകളില്‍
വെച്ചു.ബ്ലൂ ലേബലിന്റെയും റെഡ് വൈനിന്റെയും ഓരോ ബോട്ടിലുകളും മനോഹരങ്ങളായ രണ്ടു
മദ്യ  ചക്ഷകങ്ങളും കോള്‍ഡ് വാട്ടറിന്റെ പെറ്റ് ബോട്ടിലും,ഒരു ലായിറ്ററും, ഒപ്പം കാര്‍ണിവല്‍ ക്രൂസ് ലൈനില്‍ ലഭിക്കുന്ന പ്ലെയിങ്ങ് കാര്‍ഡ്സ് ഒരു കവറും ഉണ്ടായിരുന്നു മന്ത്രവാദിനി കൊണ്ടു വെച്ച ട്രേയില്‍. ചീട്ടു കവറിന്റെ പുറത്ത് എക്റ്റസി എന്ന വിനോദസഞ്ചാര കപ്പലിന്റെ ചിത്രം ആലേഖനം
ചെയ്തിരിക്കുന്നു.
                  " നിങ്ങളീ സമയം എന്റെ അതിഥിയാണു് ". മന്ത്രവാദിനി ബ്ലൂ ലേബലിന്റെ ക്യാപ്പ് തുറന്നു
ചതുരക്കളങ്ങളുയര്‍ന്നു നില്ക്കുന്ന കട്ടി കൂടിയ ആകര്‍ഷകമായ കണ്ണാടി ചക്ഷകത്തില്‍ അളവു കൃത്യ
മാക്കി മദ്യം പകര്‍ന്നു.പെറ്റ് ബോട്ടില്‍ തുറന്നു തണുത്ത വെള്ളം മദ്യഗ്ലാസ്സിലൊഴിക്കാന്‍ മന്ത്രവാദി
നി  തുനിഞ്ഞപ്പോള്‍ നോ, നോ എന്നു തടഞ്ഞു കൊണ്ടയാള്‍ പറഞ്ഞു.
                      "സംശുദ്ധ ഗോത്രത്തിന്റെ സ്വത്വം തകര്‍ത്ത അധിനിവേശക്കാരുടെ കടന്നു കയറ്റ
മാണു് ഈ പ്രവൃത്തി".
                        "ഭ്രാന്തു പുലമ്പാതെ കാര്യം വ്യക്തമാക്കൂ".
                         "ഇതല്ല ട്രഡിഷന്‍. ജലരഹിതമായിട്ടായിരിക്കണം ഇതിന്റെ അന്തരംഗ പ്രവേശനം.
ചുവന്ന വൈനിന്റെ ബ്രാന്‍ഡ് അംബാസഡറിനു ഇതറിയില്ലായിരിക്കാം. ഡോണ്ട് മൈന്‍ഡ് ".
"സീ, ചില കാര്യങ്ങള്‍ പറഞ്ഞോട്ടേ. കേള്‍ക്കാനിഷ്ടമല്ലായിരിക്കാം . എന്നാല്‍ നിങ്ങള്‍ കേട്ടു കൊ
ണ്ടേയിരിക്കും.  ചകിത ചിന്തകളുടെ ആജ്ഞാനുവര്‍ത്തിയായ നിങ്ങളുടെ മധുപാനത്തിന്റെയും,ധൂമ
പാനത്തിന്റെയും, ഡേറ്റിംഗിന്റെയും വീരകഥകള്‍ വിഢ്ഢികള്‍ക്കു പോലും അവിശ്വാസനീയമാണ്.

ലൈംഗീകതയെക്കുറിച്ചുള്ള ഭവതിയുടെയും ഈ ചെറുപ്പക്കാരുടെയും നിലപാടുകളും ചിന്താഗതിയും 
താത്പര്യങ്ങളും ഛിന്നഭിന്നമാണു്. അവയെ കൂട്ടി ച്ചേര്‍ത്തു വെച്ചു നോക്കൂ. പ്രണയമാണ് ലൈം
ഗീകതയുടെ ഉറവ. പ്രണയരഹിത രതി മനുഷ്യ ശരീരത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനം മാത്ര
മാണു്. അത്തരം ഒരു ഭീകര പ്രവര്‍ത്തനത്തിനു ഭവതി തീര്‍ത്തും അശക്തയാണ്. പിന്നെ നിങ്ങളുടെ
പോസ്റ്റുകള്‍. എന്റെ സുഹൃത്ത് ശ്യാം നന്ദനെപ്പോലെയുള്ളവരുടെ അനുഭവങ്ങള്‍ എല്ലാം വെറും മായി
ക വിഭ്രാന്തികള്‍ മാത്രം. എനിക്കു ഭവതിയുടെ പോസ്റ്റുകളെല്ലാം വെറും കോമിക്കുകള്‍ മാത്രമാണ് ".
പ്രശാന്തമായ ഭാവത്തിലാണെങ്കിലും കൊടുങ്കാറ്റിന്റെ ഗാംഭീര്യം അയാളുടെ വാക്കുകള്‍ക്കുണ്ടായിരുന്നു.
അനിതരസാധാരണമായ ഒരു സ്വയം സമര്‍പ്പണത്തിലൂടെ താനിതെല്ലാമെങ്ങിനെ കേട്ടു കൊണ്ടിരു
ന്നുവെന്ന സന്ദിഗ്ധാവസ്ഥ മറികടന്നു് ഊര്‍ജ്ജസ്വലതയോടെ മന്ത്രവാദിനി പ്രതികരിച്ചു." ഞാന്‍ നേരത്തെ സൂചിപ്പിച്ചതല്ലേ ഹേ തെരുവു മാന്ത്രികാ, ഇതു തികച്ചും വിഭിന്നമായ ഇടമാണെന്നു്. അതി
പ്പോള്‍ തന്നെ ബോദ്ധ്യപ്പെടുത്താം". അവര്‍ട്രേയില്‍ നിന്നും ചീട്ടു കുത്തെടുത്ത് ഷഫിള്‍ ചെയ്ത് അയാ
ളുടെ നേരെ നീട്ടികൊണ്ടു പറഞ്ഞു.
                       " ടേക്ക് ഒന്‍ കാര്‍ഡ് മാന്‍".
അയാള്‍ ചീട്ടു കുത്ത് സാവകാശം മറിച്ചു നോക്കി ഒരു ചീട്ടു വലിച്ചെടുത്തു. "ഏതാണെന്നു നോക്കിയ
തിനു ശേഷം കത്തിച്ചു കളയൂ" . മന്ത്രവാദിനി ലായിറ്റര്‍ അയാളുടെ നേരെ നീട്ടി. ചുമപ്പും പച്ചയും ജ്വാ
ലകളോടെ ആ ചീട്ട് മാര്‍ബിള്‍ തറയില്‍ കിടന്നു കത്തിച്ചമ്പലായി.

                        മന്ത്രവാദിനി ചീട്ടു കുത്ത് തുടരെ ഷഫിള്‍ ചെയ്തതിനു ശേഷം ഓരോന്നായി മറിച്ചു നോ
ക്കുവാന്‍ തുടങ്ങി. അവരുടെ മുഖം വിവര്‍ണ്ണമാകുന്നതു അയാള്‍ കൌതുകപൂര്‍വ്വം നോക്കിയിരുന്നു.
പെട്ടെന്നു ക്ഷുഭിതയായി മന്ത്രവാദിനി അയാളോടു പറഞ്ഞു.

                        "ഡൈമണ്‍ ഏയ്സാണു് താങ്കള്‍ നോക്കിയ ചീട്ട് ".

                       "അങ്ങനെ പറഞ്ഞാല്‍ പോരാ എവിഡന്‍സ് വേണം. അയാള്‍ പറഞ്ഞു ".
       
                       "എന്തെവിഡെന്‍സ് ". മന്ത്രവാദിനി അസ്വസ്ഥതയോടെ ചീട്ടുകള്‍ വീണ്ടും മറിച്ചു നോ
ക്കുവാന്‍ തുടങ്ങി.  ഹൃദയ വിവശതയ്ക്കാക്കം കൂട്ടുന്ന അയാളുടെ ചിരി കെട്ടഴിച്ചു വിട്ട സംഭ്രാന്തിക്കിട
യില്‍ അവിടെ നോക്കൂവെന്നു പറഞ്ഞ് അയാള്‍ തന്റെ ഉദരത്തിനു താഴെ കൈ ചൂണ്ടുന്നത് മന്ത്രവാ
ദിനി കണ്ടു. നാഭീ സമീപത്തില്‍ മിനുസമുള്ള കട്ടികടലാസിന്റെ സ്പര്‍ശം അവരറിഞ്ഞു.

                                പരമദയനീയമായിരുന്നു ആ വൂഡൂ മാന്ത്രികയുടെ അവസ്ഥ. ആഭിചാരവൃത്തിയു
ടെ പരമകാഷ്ടയിലെ അവസാന ആയുധവും മുനയൊടിഞ്ഞു പോയ ദശാസന്ധിയില്‍ അയാളുടെ
കാല്ക്കല്‍ വീണു് പൊട്ടിക്കരഞ്ഞു പോയി മാര്‍ത്താ എന്ന കെനിയന്‍ ബ്ളാക്ക് മാജിക്കുകാരി.
    കെനിയയിലെ മൊമ്പസാ പട്ടണത്തിലെ തടിച്ചു കൂടിയ ആള്‍ക്കൂട്ടം അയാളുടെ ഇന്ദ്രജാലത്തിന്റെ
വൈവിദ്ധ്യത്തില്‍ സ്തംബ്ധരായി നില്ക്കുകയാണു്. അല്പം അകലെ മാറി നിന്നു കൊണ്ട് മാര്‍ത്താ എന്ന
വൂഡൂ പ്രിസ്റ്റെസ്  അതെല്ലാം നോക്കി കണ്ടു. ഒരു പൂവന്‍ കോഴിയെ കൈകളില്‍ ചേര്‍ത്തു പിടിച്ചുഅ
വിടെ നില്ക്കുകയായിരുന്ന മദ്ധ്യ വയസ്ക്കയെ അയാള്‍ അരികിലേക്കു വിളിച്ചു. അവരുടെ കൈയ്യില്‍
നിന്നും കോഴിയെ വാങ്ങി അതിന്റെ കഴുത്തില്‍  വലതു കൈപ്പത്തി കൊണ്ടായാള്‍ വലയം തീര്‍ത്തൂ.
പെട്ടെന്നു് അയാള്‍  വലതു കൈ മുകളിലേയ്ക്കയര്‍ത്തി. അയാളുടെ വലതു കൈപ്പത്തിയ്ക്കുള്ളില്‍ കോഴി
യുടെ തല നെഞ്ചോടു ചേര്‍ത്തു വെച്ചിരിക്കുന്ന ഇടതുകൈയ്യില്‍ കോഴിയുടെ ഉടല്‍. കോഴിയുടെ ഉട
മസ്ഥ അയാളെ ചീത്ത വിളിച്ചു കൊണ്ട് വാവിട്ടു നിലവിളിച്ചു. ചുറ്റും കൂടി നിന്നവര്‍ ഉറക്കെ നിലവിളി
ക്കുകയോ  കൈയ്യടിക്കുകയോ ചാടിത്തുള്ളുകയോ ചെയ്തു. പെട്ടെന്നു് അയാള്‍ കോഴിയുടെ തല അ
തിന്റെ കഴുത്തിനോടു ചേര്‍ത്തു വെച്ചു. കോഴി ചിറകടിച്ചു ശബ്ദിച്ചു. ജനാവലി ഹര്‍ഷാരവങ്ങളോടെ
അയാളെ അനുമോദിച്ചു. കോഴിയുടെ ഉടമസ്ഥ നിറകണ്ണുകളോടെ ചീത്ത വിളിച്ചതിനു അയാളോടു
മാപ്പു പറഞ്ഞു. ഇതിനിടയില്‍ മാര്‍ത്താ അയാളുടെ അടുത്തേക്കു ചെന്നു പറഞ്ഞു.
                       " ഹേ കൊച്ചു മാന്ത്രികാ.കൊള്ളാം ഈ ചെപ്പടി വിദ്യ . തന്നെപ്പോലെ ഒരാളെ ഞാന്‍
തേടി നടക്കുയാണു്. മുട്ടി നോക്കുന്നോ എന്നോടു് ".
 
                      "അതിനെന്താ. ഒരു വിരോധവുമില്ല". അയാള്‍ പെട്ടെന്നു തന്നെ മറുപടിയും പറഞ്ഞു.
അവിടെ കൂടി നിന്നവരില്‍ പലരും അരുതെന്നു അയാളോടു പറഞ്ഞു.  "പോ ശപ്പന്മാരെ, വങ്കന്മാരെ"
ഏന്നു അവരെ ഒന്നടങ്കം ആട്ടി മാര്‍ത്താ മുന്നോട്ടു നടന്നു. ജനക്കൂട്ടത്തിന്റെ വിലക്കുകളവഗണിച്ചു
കൊണ്ടായാള്‍ മാര്‍ത്തായെ അനുഗമിച്ചു. 

          1 ഒരു സാങ്കല്പിക പ്രസിദ്ധീകരണ ശാല 2 ആഫ്രിക്കയിലെയും അമേരിക്കന്‍ ഭൂണ്ഡത്തി
                                                                                ലെയും ബ്ളാക്ക് മാജിക്ക്