Tuesday, August 2, 2016

പാടവും വരമ്പും


പാടത്തെ പണി കഴിഞ്ഞു്
വരമ്പത്തു കയറിയ
ചെറുമിക്ക് തമ്പ്രാൻ
കനിഞ്ഞു് കൊടുത്തതു്
പത്തു മാസത്തെ ഗർഭം

സത്യമറിഞ്ഞു് കണ്ണിൽ
കത്തുന്ന കനലുമായി
പാടത്തു നിന്നു്
വരമ്പത്തു കയറിയ
കോരനു കൊടുത്തതു്
അടി നാഭിയിൽ
ആഞ്ഞൊരു തൊഴി
കണ്ണു തള്ളി പിടഞ്ഞു്
കോരന്റെ പ്രാണൻ
പാടത്തെ കാറ്റിനൊപ്പം
പറന്നകന്നു പോയി

ഇന്നു പാടത്തു പണിയില്ല
ചെറുമിയും കോരനുമുണ്ടു്
ഉപ്പു വറ്റാത്ത അവരുടെ
ചുടു കണ്ണീരിന്റെ നനവുണ്ടു്
ജാതിയും അയിത്തവുമുണ്ടു്
പിന്നെ പാടത്തും വരമ്പത്തും
കൊണ്ടും കൊടുത്തും
മതിയാകാതെ നില്ക്കുന്നവരും .